Tuesday, 11 May 2010

എന്‍റെ ഗ്രാമം...


ശാസ്താംകോട്ട, എന്‍റെ ഗ്രാമം...
മരുഭൂവിലും കുളിര്‍പ്പിക്കുന്ന നാടിന്‍റെ ഓര്‍മ്മകള്‍...
കൗമാര സ്വപ്‌നങ്ങള്‍ കണ്ടു നടന്ന ഈ കടവില്‍
തരുമോ ഇനിയൊരു ജന്മം കൂടി...

Monday, 10 May 2010

കവിത -മണ്ണാങ്കട്ടയും കരിയിലയും


മുത്തശ്ശിക്കഥയിലെ മണ്ണാങ്കട്ട ഞാന്‍;
നീയോ കരിയില....
എതോ തരുവിന്‍റെ തനയയാം നിന്നെ
കാലം തല്ലിക്കൊഴിച്ചതോ,
അതോ സ്വയം അടര്‍ന്നതോ
അതുമല്ലെങ്കില്‍
‍എനിക്കായൊരു പുതുജന്മമോ....എതുവഴിവക്കിലെന്നോ
നാം കണ്ടുമുട്ടി
എതോനിമിത്തങ്ങള്‍
നമ്മെ ചേര്‍ത്തണച്ചു.

കഥകള്‍ പറഞ്ഞും കണ്ണീര് പങ്കിട്ടും
കാലം കടന്നുപോയ്...
കോരിച്ചൊരിഞ്ഞൊരുപെരുമഴയത്ത്
നിന്‍റെ ഓര്‍മ്മകള്‍
എനിക്ക് മേലൊരു കുടനിവര്‍ത്തി
ഞാനലിയാതെ കാവലായ് നീ...
മറ്റൊരിക്കല്‍
‍ഒരുപവനനും പറത്താനകാത്തവിധം
നിന്‍റെ മേല്‍ ഞാനമര്‍ന്നിരുന്നു....
നാമൊന്നു ചേര്‍ന്നു.....

ഇന്ന് നീയും ഞാനും ഭയക്കുന്നു
എപ്പോഴാണ്‌ കാറ്റും മഴയും ഒരുമിച്ചെത്തുക?
കലിപൂണ്ട ദൈവത്തിന്‍റെ വിധിയുമായ്....
ഒടുക്കം പഞ്ചഭൂതങ്ങളി-
ലൊന്നാകുമെന്ന
സ്വപ്നത്തിന്‍ പുതപ്പില്‍ നമുക്കൊളിക്കാം
നമ്മെ കാണായ്കയാല്‍
മരണം നമ്മെ മറന്നേക്കും
എന്നേയ്ക്കുമായ് മറന്നേക്കും....