Monday, 19 April 2010

കവിത -അഭയമില്ലാത്തവര്‍ക്ക്...


മകളേ മറക്കരുത്
പുരുഷന്‍റെയൊളിപ്പിച്ച ക്യാമറക്കണ്ണുകള്‍
ചതിയുടെ ബ്ലൂടൂത്തുകള്‍ പതിയിരിക്കാം
അവന്‍റെ പ്രണയത്തിലും
പിന്നെ മനസ്സിലും...
അവരില്‍ ചിലര്‍ക്കിത് തമാശ,
അല്ലെങ്കിലൊരു പന്തയലഹരി
പ്രണയപത്മവ്യൂഹത്തിലൊരു
ചിറകറ്റ ശലഭം നീ... നീയറിഞ്ഞതില്ല
നഷ്‌ടമായ നിന്‍ സ്വകാര്യത.

ഒരു ചിത്രത്തിലും അവന്‍റെ മുഖമില്ല
ഉള്ളത് നിന്‍റെ മുഖവും, നഗ്നമേനിയും.
പിന്നെ പുഴുവരിച്ച നിന്നുടല്‍
നഗ്നമാക്കുന്നത്
മരിക്കാത്ത കുടുംബത്തെമാത്രം..
മോര്‍ച്ചറിപ്പരിസ്സരത്തും
കോടതി വളപ്പിലും
നാലു പേര്‍ കൂടുന്ന നാല്‍ക്കവലകളിലും
അഭയമില്ലാത്ത ജന്മങ്ങള്‍
അലയുമിനിയുമനാഥമായി…

പുരോവര്‍ഗ്ഗത്തിന് ഹിതമനുഷ്ടിക്കാന്‍
ഇനിയുമേറെ പുരോഹിതര്‍
നരബലിക്കിനിയും പെണ്‍പൂ വേണം
മതമേതാകിലും നിറമേതാകിലും
അമ്മിഞ്ഞ മണക്കുന്ന കുരുന്നാകിലും...
വിരുന്നൊരുക്കാനും വിളമ്പാനും
പിന്നെ വിരുന്നായ് മാറാനുമവള്‍വേണം
മനുസ്മൃതിതന്‍ തണലിലൊരു
ചെന്നായ് മയങ്ങുന്നു
അവന്‍റെ ചുണ്ടിലെപ്പോഴും ചോരമണം

ദുര്‍ഗ്ഗയായിനിയും
നീ പുനര്‍ജ്ജനിക്ക
വിഛേദിക്ക
നിന്നെ വിവസ്ത്രമാക്കിയ എല്ലാ കരങ്ങളും
ദഹിപ്പിക്ക
നീ പങ്കുവയ്ക്കപ്പെട്ട ഓരോ തീരവും
നൃത്തമാടട്ടെ ആ കബന്ധങ്ങള്‍
ഓരോ തെരുവിലും
പിന്നെ ജീവിക്ക നീ
എല്ലാ ഋതുവിലും പുഷ്പിതയായി...

http://www.puzha.com/puzha/magazine/html/poem1_nov2_09.html

Sunday, 18 April 2010

കവിത -വെറുമൊരോര്‍മ്മയ്ക്ക്...


നാമിനിയന്യര്‍...
കാലവര്‍ഷക്കുത്തൊഴുക്കില്‍
കളിവള്ളം നഷ്ടമായ
വെറും കളിക്കൂട്ടുകാര്‍...
കണികണ്ട കൊന്നയും
കല്ലെടുക്കാത്ത തുമ്പിയും
പുതുമണ്ണിന്‍ ഗന്ധവും
ഇനിയൊരോര്‍മ്മപോലുമാകരുത്...
നെഞ്ചിലെ വിങ്ങലും
പൊഴിയാത്ത കണ്ണീരും
പ്രണയത്തിന്‍റെ
ജനിക്കാത്ത കുരുന്നുകള്‍.
എന്‍റെ അവസാനപ്രണയാഗ്നിയില്‍
നിന്‍ ആദ്യാനുരാഗം
സതിയൊരുക്കി...
നേരിന്‍റെയീനേര്‍ത്തനാളം
താനേ കെടട്ടെ...
വിധി... എല്ലാം വിധി
ചിപ്പിക്കുള്ളിലെ മുത്ത്‌ മൊഴിഞ്ഞു
വിധി... എല്ലാം വിധി...

http://www.malayaalam.com/Mal_Web/Content.aspx?Type=Article&ID=78